8/06/2010

ഒരൊറ്റ നക്ഷത്രം.



ഒരൊറ്റ നക്ഷത്രം ബാക്കിയാവുന്ന രാവില്‍
ഒരോര്‍മ പോല്‍ നിന്‍ സ്വരം.
ഒരു ദീര്‍ഘ നിശ്വാസം കാലിടറുന്നു
ഇരുളിന്‍ തീരാത്ത വഴികളില്‍ .

കരയും രാപക്ഷിതന്‍ പാട്ടിനീണവും
പറയുന്നു നിന്‍ ഹൃദയനൊമ്പരം .
ഒരുമിച്ചിരുന്നൊരാ സന്ധ്യയും
മധുതരാതെങ്ങോ മറഞ്ഞു.

ഇനിയും വരും പുലരികള്‍
വിരയാത്ത മൊട്ടില്‍ വിരല്‍ തഴുകവേ
നീ മാത്രം ചൂടാന്‍ വിരിയിച്ചോരെന്‍
വരിവാരിജങ്ങള്‍ വിരിയില്ലിനി .

ഉള്ളില്‍ കനക്കും ഗല്‍ഗദവും
കാതിലാകെ മൂടി നില്‍ക്കവേ ...
ഈറനിറ്റുവീഴുമീ മൌനബിന്ദുക്കളില്‍
ഒരു ഋതു കൊണ്ടുവന്ന മഴനൊമ്പരം .

അറിയുന്നു നിന്നക്കാവില്ലയെന്‍
കനല്‍കത്തും പ്രണയംചൂടുവാന്‍
ഒരു ജന്മം കൈവിട്ടു മറുജന്മം തേടുന്ന
മരണ കുതിയുടെ കാണാ വേഗങ്ങളില്‍ .

ശ്രുതികളും സ്മൃതികളും
ശലഭങ്ങളായ് പറക്കവേ
വരിക ഘോരാന്ധകാരമേ ..
വരിക മരണത്തിന്‍ മൂഡാനുരാഗമേ !

വഴിതരൂ ദിനരാത്രങ്ങളേ
വഴിതരൂ സ്നേഹ തീരങ്ങളേ..
വഴിതരിക കാലമേ നീയും ..
വഴി ചോദിക്ക വയ്യെനിക്കിനി നിന്നോട് മാത്രം .

വഴിയൊടുങ്ങുന്നു നിന്റെ നെഞ്ചോരം
മൊഴിയോടുങ്ങുന്നു നിന്‍ ചുണ്ടോരം
കനവൊടുങ്ങുന്നു നിന്‍ കണ്ണോരം
എന്‍ കരള്‍ കടലൊതുങ്ങുന്നു നിന്‍ കൈകുമ്പിളില്‍ .

ഒരു ചുംബനം മാത്രം നല്‍കുക
ഒടുവില്‍ അസ്ഥി നുറുങ്ങി
ചാരമായ് മാറിടും വേളയില്‍ ..
ഒരിറ്റു കണ്ണീര്‍ വീണീടല്ല -
ഭയക്കുന്നു ഞാന്‍ പുനര്‍ജനിയെ .
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.