സ്വപനത്തില്‍ പെയ്തത്-
സൂര്യകാന്തി മഴയായിരുന്നു.
സ്വര്‍ണ ഇതളുകളില്‍ ചിറകു വീശി
കറുത്ത കണ്ണുകള്‍ ഒട്ടൊന്നു വട്ടം ചുഴറ്റി,
അതെന്തോ എന്നോട് പറയാനുള്ള പോല്‍ -
പെയ്തു നിറഞ്ഞു കൊണ്ടേ ഇരുന്നു .
കാലത്തിന്റെ പുഴയില്‍
സൂര്യകാന്തിപൂക്കള്‍
വീണു നിറഞ്ഞവയൊരു
സ്വര്‍ണനദിയായ് ഒഴുകി .
എന്നോട് പറയാന്‍ നീ മാനത്തുനിന്നും
കൊണ്ടുവന്ന സന്ദേശം എന്തായിരുന്നു?
അതറിയാന്‍ മാത്രമായി
നിന്റെ നദി പുറത്തേക്കൊഴുക്കാതെ,
കണ്‍പീലികളില്‍ തടുത്തു ഞാന്‍ -
കിനാകരയില്‍ ഇരുപ്പാണ് .
ആകാശ വേദിയിലെ ഗന്ധര്‍വനോ?
ആരതി ഒരുക്കും താരാറാണിമാരോ?
ആനന്ദ നൃത്തമാടും അപ്സരകന്യകളോ?
ആകാശ പാലാഴിയില്‍ പള്ളികൊള്ളും
ആശാ കിരണമാമെന്‍ അനന്തസായിയോ?
ആരു തന്നു വിട്ടു എനിക്കായ്
അരുമയോടു നിന്‍ കൈയ്യില്‍ സന്ദേശം .
കണ്‍ തുറക്കാതെ ഇരിക്കണം
ഇതൊന്നു കേട്ടു തീരുംവരെയെങ്കിലും.
ആരോ കനിവോടെ സ്വകാര്യംമായ്-
കൊടുത്തു വിട്ട ഈ കനവ് ചൊല്ലി തീരും-
കണ്ടു തീരുംവരേയും.
കണ്‍ തുറന്നാല്‍ .....
ഇവിടെ ഇന്നെന്റെ മുറ്റത്ത്,
ചൂടുള്ള മണലില്‍ കാല്‍ ചുട്ടു -
തല പൊള്ളി നില്‍ക്കും ഈന്തപനകളും,
കള്ളിമുള്‍ പൂക്കള്‍ ചിത്ര പണിതീര്‍ക്കും-
വിജനതയുടെ അറേബ്യന്‍ പരവതാനിയും,
അവയില്‍ കൈവെച്ചുപൊള്ളുന്ന,
എന്റെ മോഹങ്ങളും മാത്രം.
നീ നിലാവിന്റെ സ്വേദബിന്ദു അണിഞ്ഞു
മഴവില്‍ കമ്പുകളില്‍ തട്ടിത്തെറിച്ചു
എന്റെ നെഞ്ചിനറകളില്‍
നിറയുന്ന കടലായി ഒഴുകിവരുക,
എന്റെ സൂര്യകാന്തി കനവേ!!
തൊട്ടു ഉണര്‍ത്തരുതെ ആരും-
അറിയാതെ പോലും എന്നെയീ നിദ്രയില്‍ .