11/27/2010

സിംഫണി !


ഒരു സന്ധ്യക്ക്
ഒരു ഷോപ്പിംഗ്‌ മഹലിനു മുന്നില്‍ വെച്ച്
ഒരു മഹാത്ഭുതം പോലെ നിന്നെ കണ്ടുമുട്ടിയാലോ ?
നിന്റെ കാലടിയില്‍ തുടങ്ങിയ ഭൂമി -
എന്റെ കാലടിയില്‍ വന്നു അവസാനിച്ചെന്നോ ?
നിന്റെ കണ്ണിലെ വെളിച്ചം വീണു
എന്റെ കണ്ണുകളിന്നു നിലാസമുദ്രം ആയെന്നോ ?
എന്റെ ഉച്ചാസവായു നിന്റെ മുഖത്തു വീണു -
നിന്റെ കണ്ണാടചില്ലില്‍ മൂടല്‍ വരുത്തിയോ?
അറിവില്ലായ്മയുടെ ചോദ്യചിഹ്നം പോലെ
നിന്റെ കൈപത്തികള്‍ എന്റെ നേര്‍ക്ക് നീണ്ടു വന്നത് -
നിനക്ക് കാണാന്‍ ഈശന്‍ വരച്ച കൈരേഖകള്‍ തേടിയോ ?
എവിടെ അതിന്റെ അക്ഷാംശ - രേഖാംശങ്ങള്‍ ?
ആയുര്‍രേഖയും, ഭൂമധ്യരേഖയും തമ്മിലുള്ള കോണ്‍ -
തൊണ്ണൂറില്‍ നിന്നെങ്ങനെ മാറി നൂറ്റിഎന്പതായി ?


അറബികടല്‍ താണ്ടി വന്ന കാറ്റിനെ പോലെ നീ..
എന്റെ അളകങ്ങള്‍ മാടി ഒതുക്കി .
ഇന്തപനംപട്ടകളില്‍ നൃത്തവിലോലമായ് .
പറയാന്‍ ബാക്കി ആയതൊക്കെയും
സുനാമി ആയി ഉള്ളില്‍ ഉയരവേ -
നിന്റെ ചിന്‍മുദ്രകള്‍ തടയിണകളായി
ഇതായിരുന്നോ നിന്റെ കണ്ണുകള്‍?
ഈ മൂക്കിലായിരുന്നോ ഇന്നലെ ഞാന്‍ കടിച്ചത് ?
ഇടതു തോളില്‍ നിനക്കൊരു കാക്കപുള്ളി ഇല്ലേ ?
ഇന്നലെ കണ്ട സ്വപനത്തിലും ഞാനതില്‍ ഉമ്മവെച്ചല്ലോ!
ഇപ്പോള്‍ അതിലെ കുഞ്ഞികുരു വലിപ്പങ്ങള്‍ തൊട്ടു നോക്കട്ടെ ?
ഒരു ജന്മം സാന്ത്രികൃതമായ് മുഴങ്ങവേ -
ഒരാളും അറിയാത്ത പ്രണയ തീര്‍ത്ഥം പോലെ
ഈ മരുഭൂമിയിലാണോ മഴപെയ്യുന്നതും ?
ഇതും എന്നോ നമ്മള്‍ പറഞ്ഞു കഴിഞ്ഞ
ഗൂഗിള്‍ ടോക്കിലെ ഏടില്‍ ഉണ്ടായിരുന്നില്ലേ ?
പക്ഷെ ഈ യഥാര്‍ത്തത്തിന്റെ കുളിര്‍
അന്ന് നമ്മള്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്നോ തുടങ്ങുന്നു ?
ഒരുമിച്ചു ഈ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നു -
ലയ്സ് ചിപ്പ്സും കോക്കും കഴിക്കുന്നത്‌ നമ്മള്‍ ഓര്‍ത്തോ ?
മുന്നിലൂടെ ഒരു വീമാനം ചീറി പാഞ്ഞു പോയി !
ജീവിതം രാഹുവും കേതുവും കഴിഞ്ഞു ,
സൂര്യായണത്തിലെ ചൂടുള്ള കിരണമായ്_
നക്ഷത്ര മണ്ഡല നടതുറക്കുന്നു .
യാഹുവിലെ ഇരുണ്ട മൊട്ടത്തലയന്‍ ,
ഊതിവിട്ട പുകച്ചുരുളില്‍ പറന്നു പോയ _
നമ്മുടെ കിനാപാതി വിടര്‍ന്ന ചെമ്പകപൂക്കള്‍ ...
നമുക്കിന്നു കയ്യിലെടുത്തു ഇവിടെ -
പരസ്പരം ഇതളുകള്‍ നുള്ളി നുണയാം .
ചിറകു വെച്ച മഞ്ഞു പാളി പോലെ -
രൂപമില്ലാത്ത ചിത്രങ്ങള്‍ ഒരുക്കിയ
നിന്റെ കവിതകളും കിന്നാരങ്ങളും -
മന്ത്രസ്വരൂപമായ്‌ എന്റെ കാതില്‍ കേള്‍പ്പിക്കുക നീ .
ഇളകിയ പൂഴി മണലില്‍ തൂത്കാമന്റെ കബറുപോലെ
നമുക്കും മമ്മികളാവം .
ആറടി നീളത്തില്‍ ഒരു കുഴി.
നമ്മള്‍ക്ക് മാത്രമായി ....!
മലയുടെ തീരത്ത് ഒഴുകുന്ന പൂക്കളുടെ നദി
അതിനി തടഞ്ഞു നിര്‍ത്തി ഇതിലേക്ക് ഒഴുകട്ടെ
ഈ ഒരൊറ്റ മുറിയില്‍ ...ഇതുവരെ ആരും
പങ്കുവെച്ചിട്ടില്ലാത്ത പ്രണയ തീക്ഷണത അറിയാം .
ഇവിടെ എയര്‍കണ്ടിഷന്റെ മൂളക്കം വേണ്ടതില്ല .
എന്തൊരു തണുപ്പാണ് ഇതിനുള്ളില്‍ .
കുയില്‍ പാട്ട് വേണ്ടതില്ല -
നിന്റെ ഹൃതാളം എന്തൊരു സംഗീതമാണ്! .
നമുക്കിനി കാലമില്ല -
ഋത്ക്കള്‍ മണ്ണിരകളായ് വന്നു നമ്മുടെ
രോമകൂപങ്ങളില്‍ ഇക്കിളി ഉണര്ത്തവേ-
ഇനി ഒരിക്കലും ഉണരുക വേണ്ട -!
ദൂരെ നമ്മെ വരിഞ്ഞു കെട്ടുവാന്‍ -
നീണ്ടു വരും പൊക്കിള്‍ കൊടികളുടെ
പെരുംപാമ്പുകള്‍ ഇഴഞ്ഞു അടുക്കുന്നു .
ജനി മരണങ്ങള്‍ നമുക്കിനി വേണ്ടാ പ്രിയനേ .




.














    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.