ദൈവമില്ലെങ്കിൽ പിന്നെ
പൂമ്പാറ്റ ചിറകുകളിൽ
ഇത്രയും വർണ്ണങ്ങൾ
വരച്ചുവിട്ടതാര്
ആ നിറങ്ങൾക്കുണ്ടു വളരാൻ പൂക്കിണ്ണത്തിൽ
തേനോലും പരാഗങ്ങൾ നിറച്ചുവെച്ചതാര്?
ദൈവമില്ലെങ്കിൽ അമ്മ്യ്ക്കുള്ളിൽ നിന്നും
കുഞ്ഞുദൈവങ്ങളെ
കൊത്തി മിനുക്കിയെടുക്കുന്ന
ശില്പിയാര് ?
ദൈവമില്ലെങ്കിൽ പിന്നെയാരാണ്
കൃത്യതയോടെ ഋതുക്കൾ മറിച്ചിട്ട്
കാലത്തെ കൈപിടിച്ചു നടത്തിയ്ക്കുന്നത്?
ദൈവമില്ലെങ്കിൽ പിന്നെ ;
മനുഷ്യന്റെ സ്വപ്നങ്ങൾക്ക്
ഇത്രയും ഉയരങ്ങളും വർണങ്ങളും
താണ്ടാൻ ശക്തി കൊടുത്തതാര്?
ദൈവമല്ലെങ്കിൽ പിന്നെ ;
നാളേയ്ക്കായി ആഴക്കടലിൽ
വിലയേറിയ മുത്തും പവിഴവും
ഒളിച്ചു വെച്ചതാര് ?
ദൈവമല്ലെങ്കിൽ പിന്നെ മീനിനു തുഴയാനും
പറവയ്ക്ക് പറക്കാനും വേറെ വേറെ
ചിറകുകൾ കണ്ടെത്തിയതാര് ?
ദൈവമല്ലെങ്കിൽ പിന്നെ
ആകാശഗംഗയെ മാരിവില്ലിൻ അമ്പെയ്തു
മഴയായ് മണ്ണിൻ ചുണ്ടിൽച്ചുരത്തുന്നതാര്?
ദൈവമല്ലെങ്കിൽ ആരാണീ
വിതക്കാൻ മണ്ണും- നന്മയും ,
നശിക്കാൻ തീയും- തിന്മയും തന്നുപോയത് ?
ദൈവമല്ലെങ്കിൽ കാട്ടിലും മേട്ടിലും
പച്ചയും നിറങ്ങളും തുന്നിയ പുടവനെയ്തു
ധരയുടെ നാണം മറയ്ക്കുന്നതാര് ?
ദൈവമല്ലെങ്കിൽ ..
ഓരോ പൂവിതളും ശ്രദ്ധയോടെ വിന്യസിച്ചു
ഓരോ പൂമൊട്ടിനുള്ളിലും
ഓരോരോ പൂമണം നിറച്ചു,
ഒന്നിനോരോപൂവിനെ വ്യത്യസ്ഥമാക്കുന്നതാര് ?
ദൈവമല്ലെങ്കിൽ കൈവിരൽ തുമ്പിൽ
നമുക്കായ് മാത്രം അടയാളവാക്യങ്ങൾ രചിച്ചു
നമ്മെ നീയും..ഞാനുമാക്കിയതാര് ?
ദൈവമല്ലെങ്കിൽ പിന്നെയാര്
പൂവിനും ഫലത്തിനും ഭൂമിയെ
സ്നേഹിക്കാൻ ആകർഷണബലം കൊടുത്തു ?
അവയെന്തേ ആകാശത്തേക്ക്
പറന്നു പോകുന്നില്ല ?
ദൈവമല്ലെങ്കിൽ ആരാണ് സൂര്യനിൽ ,
അണയാത്ത വെളിച്ചത്തിന്റെ -
തിരിക്കത്തിച്ചു വെച്ചത്?
ആരാണീ വെളിച്ചത്തിന് ഇരുട്ടിനെ തുളച്ചു
വഴി തെളിയിയ്ക്കാൻ ഇത്രയും ശക്തമായ
ആയുധം നീട്ടികൊടുത്തത് ?
ആരാണ് ഭൂമിക്കു തിരിയാൻ അച്ചുതണ്ടും
സൂര്യനും ചന്ദ്രനും ഭ്രമണപഥങ്ങളും
കൃത്യമായി വരച്ചുവെച്ചത് ?
ദൈവമല്ലെങ്കിൽ പിന്നെ
നിന്നെ എനിയ്ക്ക് മാത്രമായ്
എടുത്തു സൂക്ഷിച്ചുവെച്ചതാര് ?
ഹൃദയത്തിനുള്ളറകളിൽ
പ്രണയത്തിന്റെ വിത്തുക്കൾ
പാകി ജന്മാന്തരങ്ങളോളം
കാത്തിരിയ്ക്കാൻ പ്രതീക്ഷ തരുന്നതാര് ?