11/10/2011

മറന്നിടുമോ നീ ?




ഒരു ഡിസംബര്‍ തന്നകുളിര്‍രാത്രിയില്‍
ഒരു വാക്ക് , ഒരു കഥ , പഴയൊരോര്‍മ
പതിയെ പറഞ്ഞു നീ -
ആയിരത്തൊന്നിരവിലെത്തി .


നൂലറ്റുപ്പറക്കുമൊരു മോഹത്തിന്‍പ്പട്ടമന്നു
കൈനീട്ടി തൊടുവാന്‍ ഇടയില്‍ കിട്ടി .
വര്‍ണ്ണം തെളിവീല ...
രൂപം തെളിവീല ...

കാണുന്ന വര്‍ണ്ണപ്രപഞ്ചത്തിനോ കുറവൊട്ടുമില്ലാ !

രാ
വിന്‍നിശബ്ദത കൊണ്ടുപോയന്നുനമ്മെ -

തൂവല്‍കണക്കേതോ സൗര്യയൂഥത്തിങ്കല്‍ .
കെട്ടുപോകുന്നു ഇരുള്‍ച്ചിരി -
പൊട്ടിച്ചിരിക്കുന്നു നക്ഷത്രലോകം .

ഒരുമിച്ചെന്നൊരു തോന്നലില്‍വേഗങ്ങള്‍
അതിജീവിക്കിന്നിതു അതീതമാംലോകങ്ങള്‍ .

മൂന്നടികൊണ്ടു ദേവനളന്ന-
മൂന്നുലോകങ്ങള്‍ ;
ഒറ്റയടിക്കളക്കുന്നു നമ്മളും! .


പെയ്യാത്തമഴയുടെ സൌമ്യസാമീപ്യവും ,

കാണാത്ത വെയിലിന്റെ വിരഹചൂടും ,

അന്യോന്യം പകര്‍ന്നിരുന്നുനാമെത്രനാള്‍
-
സ്വപ്നാടനത്തിന്‍ച്ചിത്രത്തീരങ്ങളില്‍ .


വാക്കില്‍ നീ തൊട്ടേകിയോരാത്മവിശ്വാസവും;

നനയുംമിഴിയൊപ്പും നിര്‍മലസ്നേഹവും ;

തടുക്കുന്നെന്നെ ദൂരെപോകുവാനെങ്കിലും-

പോ
കാതെ വയ്യ ..വിദൂരമല്ലാദിനം .

ഓര്‍ക്കുമോ ഒന്നായ്‌ പൊട്ടിച്ചിരിച്ചതും ;

ഓര്‍ക്കാപ്പുറത്ത് അടികൂടിപിരിഞ്ഞതും ;

ഓര്‍ക്കുമോ ഗസ്സല്‍കേട്ടുറങ്ങിയാനാളിലെ

നേര്‍ത്തുപോവുന്നാസാന്ധ്യവെളിച്ചവും ,

ഒറ്റക്കാകുമ്പോള്‍ ഓര്‍ത്തുവെക്കാന്‍

നമ്മളൊന്നിച്ചുപാടിയ പാട്ടിന്‍വരികളും ?


നീറ്റിടുന്നു പിരിയും വേളയില്‍
മറന്നിടുമോയെന്നനോവേതോ
കടയും തീക്കല്ലായ്
ഇന്നെന്നുള്ളില്‍ വീണ്ടും സഖേ !!





11/09/2011

പനനീര്‍ ബട്ടര്‍ ഹൃദയംമസാല! ഒരു പാചകക്കുറിപ്പ്‌ .



പനനീര്‍ബട്ടര്‍ ഹൃദയംമസാല
ഇതൊരു പാചകക്കുറിപ്പ്‌ .
തുടുത്തപെണ്‍ഹൃദയം ഒന്ന് .
നാലഞ്ചു കഷ്ണം ദിവാസ്വപ്നങ്ങള്‍
പുകഴ്ത്തല്‍ ആവശ്യത്തിനു,
വറുത്തു കോരാന്‍ കള്ളകണ്ണീര്‍,
അലങ്കരിക്കാന്‍ പ്രണയപത്രങ്ങള്‍
ഇഷ്ടംപോലെ
.

ആദ്യം കണ്ണേറില്‍ ഒന്ന് ചൂടാക്കി
ഹൃദയത്തിന്റെ തോലുരിക്കുക.
മൂര്‍ച്ച കൂടിയ വാക്ക് ക്കത്തികൊണ്ട്
നല്ല ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
മോഹവും ,ദാഹവും ഓരോ ടീസ്പൂണ്‍
ചേര്‍ത്തു നന്നായി പുരട്ടിയെടുക്കു

നിസ്സഹായതയുടെ
വെണ്ണചൂടാകുമ്പോള്‍
അതുവരെ ഏല്‍ക്കാത്ത ചുംബനങ്ങളും,
സുഖ പരിരംഭങ്ങളും ,
സീല്‍ക്കാരം ഉയരുംവരെ ഇട്ടുകൊടുത്തു
പൊട്ടിത്തെറിക്കുമ്പോള്‍ ...
ഹൃദയം നല്ലപോലെ അതിലിട്ട്,
ഇളക്കിയെടുക്കുക.

വെന്തുവരുമ്പോള്‍ ആവശ്യത്തിനു
പുകഴ്ത്തല്‍ ചേര്‍ത്തു
ആഭി
ജാത്യത്തിന്റെ ഒന്നാംപാലും ,
മതജാഗ്രതയുടെ രണ്ടാംപാലും ചേര്‍ത്തു-
നിസ്സംഗതയുടെ അടപ്പ് കൊണ്ട് മൂടി,
നന്നായി കുറുകി വരുന്ന വരെ;
അപരാധത്തിന്റെ ടുപ്പില്‍വെച്ചുവറ്റിക്കുക .

പിന്നിട് കള്ളകണ്ണീരില്‍ , ഓരോരോ
കഷ്ണങ്ങളായി എടുത്തു വറുത്തുകോരുക .
പരിഹാസത്തിന്റെ പനനീര്‍ തളിച്ച് -
പ്രണയപത്രങ്ങളെ കൊണ്ട് അലംകരിച്ചു ,
ആര്‍ത്തി അടങ്ങുന്നതുവരെ
ആവശ്യാനുസരണം ഭക്ഷിക്കുക .