11/27/2010

സിംഫണി !


ഒരു സന്ധ്യക്ക്
ഒരു ഷോപ്പിംഗ്‌ മഹലിനു മുന്നില്‍ വെച്ച്
ഒരു മഹാത്ഭുതം പോലെ നിന്നെ കണ്ടുമുട്ടിയാലോ ?
നിന്റെ കാലടിയില്‍ തുടങ്ങിയ ഭൂമി -
എന്റെ കാലടിയില്‍ വന്നു അവസാനിച്ചെന്നോ ?
നിന്റെ കണ്ണിലെ വെളിച്ചം വീണു
എന്റെ കണ്ണുകളിന്നു നിലാസമുദ്രം ആയെന്നോ ?
എന്റെ ഉച്ചാസവായു നിന്റെ മുഖത്തു വീണു -
നിന്റെ കണ്ണാടചില്ലില്‍ മൂടല്‍ വരുത്തിയോ?
അറിവില്ലായ്മയുടെ ചോദ്യചിഹ്നം പോലെ
നിന്റെ കൈപത്തികള്‍ എന്റെ നേര്‍ക്ക് നീണ്ടു വന്നത് -
നിനക്ക് കാണാന്‍ ഈശന്‍ വരച്ച കൈരേഖകള്‍ തേടിയോ ?
എവിടെ അതിന്റെ അക്ഷാംശ - രേഖാംശങ്ങള്‍ ?
ആയുര്‍രേഖയും, ഭൂമധ്യരേഖയും തമ്മിലുള്ള കോണ്‍ -
തൊണ്ണൂറില്‍ നിന്നെങ്ങനെ മാറി നൂറ്റിഎന്പതായി ?


അറബികടല്‍ താണ്ടി വന്ന കാറ്റിനെ പോലെ നീ..
എന്റെ അളകങ്ങള്‍ മാടി ഒതുക്കി .
ഇന്തപനംപട്ടകളില്‍ നൃത്തവിലോലമായ് .
പറയാന്‍ ബാക്കി ആയതൊക്കെയും
സുനാമി ആയി ഉള്ളില്‍ ഉയരവേ -
നിന്റെ ചിന്‍മുദ്രകള്‍ തടയിണകളായി
ഇതായിരുന്നോ നിന്റെ കണ്ണുകള്‍?
ഈ മൂക്കിലായിരുന്നോ ഇന്നലെ ഞാന്‍ കടിച്ചത് ?
ഇടതു തോളില്‍ നിനക്കൊരു കാക്കപുള്ളി ഇല്ലേ ?
ഇന്നലെ കണ്ട സ്വപനത്തിലും ഞാനതില്‍ ഉമ്മവെച്ചല്ലോ!
ഇപ്പോള്‍ അതിലെ കുഞ്ഞികുരു വലിപ്പങ്ങള്‍ തൊട്ടു നോക്കട്ടെ ?
ഒരു ജന്മം സാന്ത്രികൃതമായ് മുഴങ്ങവേ -
ഒരാളും അറിയാത്ത പ്രണയ തീര്‍ത്ഥം പോലെ
ഈ മരുഭൂമിയിലാണോ മഴപെയ്യുന്നതും ?
ഇതും എന്നോ നമ്മള്‍ പറഞ്ഞു കഴിഞ്ഞ
ഗൂഗിള്‍ ടോക്കിലെ ഏടില്‍ ഉണ്ടായിരുന്നില്ലേ ?
പക്ഷെ ഈ യഥാര്‍ത്തത്തിന്റെ കുളിര്‍
അന്ന് നമ്മള്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്നോ തുടങ്ങുന്നു ?
ഒരുമിച്ചു ഈ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നു -
ലയ്സ് ചിപ്പ്സും കോക്കും കഴിക്കുന്നത്‌ നമ്മള്‍ ഓര്‍ത്തോ ?
മുന്നിലൂടെ ഒരു വീമാനം ചീറി പാഞ്ഞു പോയി !
ജീവിതം രാഹുവും കേതുവും കഴിഞ്ഞു ,
സൂര്യായണത്തിലെ ചൂടുള്ള കിരണമായ്_
നക്ഷത്ര മണ്ഡല നടതുറക്കുന്നു .
യാഹുവിലെ ഇരുണ്ട മൊട്ടത്തലയന്‍ ,
ഊതിവിട്ട പുകച്ചുരുളില്‍ പറന്നു പോയ _
നമ്മുടെ കിനാപാതി വിടര്‍ന്ന ചെമ്പകപൂക്കള്‍ ...
നമുക്കിന്നു കയ്യിലെടുത്തു ഇവിടെ -
പരസ്പരം ഇതളുകള്‍ നുള്ളി നുണയാം .
ചിറകു വെച്ച മഞ്ഞു പാളി പോലെ -
രൂപമില്ലാത്ത ചിത്രങ്ങള്‍ ഒരുക്കിയ
നിന്റെ കവിതകളും കിന്നാരങ്ങളും -
മന്ത്രസ്വരൂപമായ്‌ എന്റെ കാതില്‍ കേള്‍പ്പിക്കുക നീ .
ഇളകിയ പൂഴി മണലില്‍ തൂത്കാമന്റെ കബറുപോലെ
നമുക്കും മമ്മികളാവം .
ആറടി നീളത്തില്‍ ഒരു കുഴി.
നമ്മള്‍ക്ക് മാത്രമായി ....!
മലയുടെ തീരത്ത് ഒഴുകുന്ന പൂക്കളുടെ നദി
അതിനി തടഞ്ഞു നിര്‍ത്തി ഇതിലേക്ക് ഒഴുകട്ടെ
ഈ ഒരൊറ്റ മുറിയില്‍ ...ഇതുവരെ ആരും
പങ്കുവെച്ചിട്ടില്ലാത്ത പ്രണയ തീക്ഷണത അറിയാം .
ഇവിടെ എയര്‍കണ്ടിഷന്റെ മൂളക്കം വേണ്ടതില്ല .
എന്തൊരു തണുപ്പാണ് ഇതിനുള്ളില്‍ .
കുയില്‍ പാട്ട് വേണ്ടതില്ല -
നിന്റെ ഹൃതാളം എന്തൊരു സംഗീതമാണ്! .
നമുക്കിനി കാലമില്ല -
ഋത്ക്കള്‍ മണ്ണിരകളായ് വന്നു നമ്മുടെ
രോമകൂപങ്ങളില്‍ ഇക്കിളി ഉണര്ത്തവേ-
ഇനി ഒരിക്കലും ഉണരുക വേണ്ട -!
ദൂരെ നമ്മെ വരിഞ്ഞു കെട്ടുവാന്‍ -
നീണ്ടു വരും പൊക്കിള്‍ കൊടികളുടെ
പെരുംപാമ്പുകള്‍ ഇഴഞ്ഞു അടുക്കുന്നു .
ജനി മരണങ്ങള്‍ നമുക്കിനി വേണ്ടാ പ്രിയനേ .




.














    11/25/2010

    എന്റെ കിനാതുംപി

    Photobucket
    എവിടെ വഴി പിരിഞ്ഞിതു നമ്മുടെ ,
    അറിവില ഇനി പുറകോട്ടു പോകുവാന്‍ -
    ഒരുനാളും കാണാ പാടകലെ നീ എത്തിയോ.
    കണ്ണീരും കിനാക്കളും മറഞ്ഞു പോയെന്നോ ?
    ഒരുമിച്ചു നാം അകല്‍ച്ചയില്‍ പിരിയുന്നു
    അകലങ്ങളില്‍ ഓര്‍ത്തു വിലപിക്കുവാന്‍ .
    മറക്കരുതാത്തതെല്ലാമേ മറക്കുന്നു..
    മറവിയില്‍ ഒളിവില്ലാതെ ഒളിക്കുന്നു.

    ഇടതൂര്‍ന്ന ആശാ ഇരുള്‍ സമുദ്രത്തെ -
    ഒരു നക്ഷത്ര വിള്ളലിലൂടെ നോക്കി നീ ..
    ഒരു മഞ്ഞു തുള്ളി പോല്‍ വീണു ഹൃത്തിലും
    കുളിരും ഇളം ചൂടും വീതിച്ചു ബാഷ്പമായ്! .
    തൊട്ടാല്‍ പൊള്ളും എന്നുംനിന്‍ ഓര്‍മയില്‍-
    പകലിന്‍ ചിത കത്തുന്നു നാള്‍ തോറുമേ,,
    ഫീനിക്സ് പക്ഷി പോല്‍ രാവില്‍ -
    ഉയര്‍ത്തെഴുനെല്‍ക്കുന്നു വീണ്ടും .

    മൌനത്തിന്‍ നിലയില്ലാ ആഴങ്ങളില്‍
    നിന്‍ മൊഴി മുത്തുകള്‍ ..
    "നീ ഇല്ലാതെ ഞാന്‍ഏകനായ് ...."
    മറു വാക്കില്ലാത്ത എന്റെ മനസ്സാം
    കടലിലെ മൌനജലം പോലെ നിറവായ്..
    തിരിവില്ലാതെ ഒന്നാകുന്ന അദ്വൈതമാകുന്നു.
    വിണ്ണിലെ താരകള്‍ കൈകോര്‍ത്തു-
    ചൊല്ലിയാടും ദിവസമോന്നില്‍ ...
    നറുമണം വിരിയുന്ന തൊടിയിലെ പന്തലില്‍
    വിറപൂണ്ട കാറ്റായ്
    വിതുമ്പി ഞാന്‍ അങ്ങിനെ ......
    ഇടിവെട്ടി ഇടറിടും മാനത്തെ ചന്ദ്രിക
    നനയും മിഴികള്‍ എന്‍ നേര്‍ക്ക്‌ നീട്ടവേ
    തഴുകുവാന്‍ കൊതിക്കുന്നു ..
    തളിര്‍ വള്ളി പോലെ വീണ്ടും വീണ്ടും ,
    തകരും കിനാക്കളെ നിന്‍ കരങ്ങളാല്‍.
    ഓരോ രാവും നീ ജനവാതിലടക്കവേ
    വിരഹാര്‍ദ്രമാവുന്നു..
    .ഉണരാന്‍ കനക്കും വരിമുല്ലയാവുന്നു
    ഉറക്കം നടിക്കുമെന്‍ കിനാക്കളും

    11/03/2010

    എന്റെ ദ്വാരക !

    കടലില്‍ മുങ്ങി പോയ ദ്വാരക കാണാനായിരുന്നു അന്ന് പ്ലാന്‍. അഹമ്മദാബാദില്‍ നിന്നും 8 മണിക്കൂര്‍ കാറില്‍ പോവണമെന്നു കേട്ടപ്പോള്‍ ഇത്രയും നേരം എങ്ങിനെ അതിനുള്ളില്‍ ഇരിയ്ക്കണമല്ലോ എന്ന ഒരു പേടി തോന്നാതിരുന്നില്ല !

    പക്ഷെ ഏട്ടന്‍ പറഞ്ഞു

    "ഒന്നും പേടിക്കണ്ട മാളുട്ടി ..വഴിയിലൊക്കെ ഏട്ടന്റെ  സൈറ്റ് ഓഫിസുകള്‍ ഉണ്ട് നമുക്കവിടെ  കയറി പതുക്കെ റസ്റ്റ്‌ എടുത്തു ഭക്ഷണമെല്ലാം  കഴിച്ചു പതുക്കെ പോവാം" അപ്പോള്‍ ഫ്രഷ്‌ ആവും എന്ന്.

    അങിനെ രാവിലെ 8 മണിയോടെ ഞാനും ഏട്ടനും അടങ്ങുന്ന ഒരു 5 പേരുടെ സംഘം ദ്വാരകയ്ക്ക് യാത്രയായി.

    അഹമ്മദാബാദ് നഗരം വളരെ ശാന്തസ്വരൂപിണി ആണ്.ഏട്ടന്റെ കൂടെ ഹൈരബാദ് സിറ്റിയിലൂടെ യാത്ര ചെയ്ത അനുഭവം  കൊണ്ടാവണം എനിയ്ക്കിത് തോന്നിയത്. അരിച്ചു ..അരിച്ചു നീങ്ങുന്ന ട്രാഫിക് ഹൈദരാബാദ്ന്റെ ശാപം ആണ്.

    അഹമ്മദാബാദില്‍ അധികവും വെജിറ്റെറിയന്‍ ആളുകള്‍ ആണ്. ഒരു ഷോപ്പിംഗ്‌ മഹല്‍കളിലും ചിക്കെന്റെ നഗ്നശരീരമോ, ആടുമാടുകളുടെ ദയനീയ രൂപമോ കാണേണ്ടി വരില്ല. വിദേശ്യ മദ്യഷോപ്പുകളോ...കേരളത്തിലെ പോലെ കള്ളുകുടിച്ചുള്ള മരണങ്ങളോ ഇല്ല.

    അഷ്ടമി രോഹണി ,കൃഷ്ണന്റെ ജന്മാഷ്ടമി പ്രമാണിച്ച് 900 പശുക്കളെ ദ്വാരകയില്‍ ഇറക്കി വിട്ടിടുണ്ടെന്നു ഡ്രൈവര്‍ പറഞ്ഞതും ഒരു കൌതുക വാര്‍ത്ത പോലെ തോന്നിയെനിയ്ക്ക്.

    കാര്‍ സഡന്‍ ബ്രേക്ക്‌ ഇടുന്ന ശബ്ദത്തിലാണ് ഞാന്‍ കുലുങ്ങിയുണര്‍ന്നത്.   .നോക്കിയപ്പോള്‍ കാറിനു മുന്നിലൂടെ പതുക്കെ നടന്നു നീങ്ങുന്ന  യുവമി ഥുനങ്ങള്‍ !..ഒരു കറുത്ത കാളയും നല്ല മിന്നുന്ന ബ്രൌണ്‍ നിറത്തിലുള്ള ഒരു പശുവും. വളരെ സാവധാനത്തില്‍ റോഡ്‌ മുറിച്ചു കടക്കുകയാണ്. .ഒരു ഹോറ്ന്‍ കൂടി ഡ്രൈവര്‍മാര്‍ ആരും കൊടുക്കുന്നില്ല.അവര്‍ കടന്നു പോവുന്ന വരെ ,വളരെ ക്ഷമയോടെ ട്രാഫിക്‌ കാത്തു നില്‍ക്കുന്നത്  വളരെ രസകരമായി തോന്നി.ഒപ്പം ഇത് കേരളത്തില്‍ ആയിരുന്നെങ്കിലോ എന്ന് ഓര്‍ത്തു പോയി . എന്നാലിപ്പോള്‍ അവര്‍ സ്വര്‍ഗത്തിലേക്ക് യാത്രയായേനെ!

    ഒരു പത്തു കിലോമീറ്റര്‍ സിറ്റി വിട്ടു ഉള്ളിലേക്ക് പോയപ്പോള്‍ തന്നെ തനി ഗ്രാമത്തിന്റെ മുഖം കണ്ടു തുടങ്ങി . ആളൊഴിഞ്ഞ വഴികള്‍. പെട്ടെന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി . ഞാനും ഡ്രൈവറും ഒഴികെ വണ്ടിയില്‍ എല്ലാവരും ഒരു ഉറക്ക മൂടിലേയ്ക്ക് പോയി കഴിഞ്ഞിരുന്നു . ഡ്രൈവര്‍ ഒരു  പഴയ  ഹിന്ദി ഓഡിയോ  പ്ലയെറില്‍ ഇട്ടു, ...അപ്പോഴേയ്ക്കും മഴ പെയ്യാന്‍ തുടങ്ങി.

    കാറ്റിനൊപ്പം ഇളകുന്ന മഴയുടെ തിരശ്ശീലയ്ക്കിടയിലൂടെ  അഹമദബാദ്ന്റെ ഗ്രാമഭംഗി ശരിയ്ക്കും സ്വപ്നസുന്ദരം ആയിരുന്നു. മഴ തുടര്‍ച്ചയായി അവിടെ നില്‍ക്കുന്നത് ഈ കൊല്ലം ആണത്രേ..അത് കൊണ്ട് തന്നെ അവരുടെ പാടശേഖരങ്ങള്‍ പുഴ ഒഴുകുന്ന വഴികളായി കാണുന്നുണ്ടായിരുന്നു.

    ഇനി ഒരു മഴ ശക്തമായി പെയ്താല്‍ ..റോഡുകളൊക്കെ വെള്ളത്തില്‍ ആവും. ഞാന്‍ വണ്ടിക്കുള്ളിലെ തുണി കര്‍ട്ടന്‍ നല്ലപോലെ  നീക്കി വെച്ച് , ഗ്ലാസ്സില്‍ മുഖം ചേര്‍ത്ത് വെച്ചു. മഴ ഒരു ചില്ല് ദൂരത്തിലെന്നെ  ഉമ്മവെയ്ക്കാന്‍ തുടങ്ങി.

    പെട്ടെന്ന്ഗു രുവായൂരില്‍ പോവാറുള്ളതാണ് ഓര്‍മ്മ വന്നത് . അപ്പോഴൊക്കെ ഞാന്‍  ഓരോ സമയവും ഓരോ രൂപത്തിലാണ് കൃഷ്ണനെ ധ്യാനിക്ക പതിവുള്ളത്. ചിലപ്പോള്‍ പാല്‍കടലില്‍ പള്ളി കൊള്ളുന്ന അനന്തസായി . ചിലപ്പോള്‍ ഓടകുഴല്‍ വിളിച്ചു നില്‍ക്കുന്ന ഗോപകുമാരന്‍..ചിലപ്പോള്‍ ആലിലയില്‍ കാല്‍വിരല്‍ ഉണ്ട് മയങ്ങുന്ന ഉണ്ണിക്കണ്ണന്‍ . ഗുരുവായൂരിലേക്ക് പോകുന്ന വഴിക്ക് കാറില്‍ വെച്ചു തന്നെ ഞാന്‍ ഒരു രൂപം അന്ന് മനസ്സില്‍ എടുക്കും, അതായിരുന്നു പതിവ്.മിക്കവാറും ആ മുഖം , ..മനസ്സില്‍ അന്ന് ധ്യാനിയ്ക്കുന്ന ആ മുഖവും ആയി , ഞാന്‍ ഗുരുവായുരപ്പനെ ശരിക്കും കാണാറുണ്ട്‌.

    ദ്വാരകയിലും ഞാന്‍ കാണാത്ത കൃഷ്ണന്റെ മുഖം സങ്കല്‍പ്പിക്കാന്‍ എനിക്കൊരു കൌതകം തോന്നി .
    അപ്പോള്‍...നീണ്ടു വിടര്‍ന്ന അരവിന്ദലോചനങ്ങള്‍ ...അതാണ്‌ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ..അതില്‍ നിറഞ്ഞ പ്രണയത്തിന്റെ കാളിന്ദി കണ്ടപ്പോള്‍ ...ഓടകുഴലും വനമാലയും പീലികതിരും , പീതാംബരവും ആയി എന്റെ കൌമാര സ്വപ്നങ്ങളില്‍ വന്നിരുന്ന എന്റെ കാര്‍വര്‍ണ്ണനെയാണ്  മനസ്സില്‍ ധ്യാനിക്കാന്‍ തോന്നിയത്.

    ഒരു നിമിഷം ,  ആ ചില്ല് ജാലകത്തിനപ്പുറത്ത് ഞാനാമുഖം കണ്ടു !..മഴയിലും കാറ്റിലും ഇളകുന്ന ആ മയില്‍ പീലിയും ..ചുരുള്‍ മുടിയിഴകളും കണ്ടു.പവിഴം പോലെ ചുവന്ന അധരങ്ങളില്‍ വീണു , മഴത്തുള്ളികള്‍ അവന്റെ ചിരിമണികള്‍ ആയി തിളങ്ങുന്ന കണ്ടു...ഈ വഴികളില്‍ ഗോപികമാരോടോത്തു അവന്‍ കളിച്ചു നടന്നിരിക്കാം. ...അല്ല അതില്‍ ഒരു ഗോപിക ഞാന്‍ ആയിരുന്നു. അത് രാധ ആവാനെ വഴിയുള്ളൂ. എന്നെ കഴിഞ്ഞേ അന്നും ഇന്നും കണ്ണന് വേറെ പ്രിയംങ്കരികള്‍ ഉണ്ടാവുള്ളൂ ...ഇതാണ് എന്നും എന്റെ വിശ്വാസം.

    നല്ലൊരു ഉറക്കത്തിലേക്കു ഞാനും അറിയാതെ വീണു പോയി. പിന്നെ വഴിയില്‍ ഉള്ള ഏട്ടന്റെ ഓഫീസ് ഗസ്റ്റ് ഹൌസില്‍ ലഞ്ചും കഴിച്ച് ..വീണ്ടും ഒരു 2 മണിക്കൂര്‍ കൂടെ ഞാന്‍ ഉറങ്ങി . അപ്പോള്‍ എല്ലാം തന്നെ ആ പീതാംഭരധാരി എന്റെ കനവില്‍ നിറഞ്ഞു നിന്നിരുന്നു.

    ദ്വാരകയില്‍ എത്താന്‍ ആയപ്പോഴേയ്ക്കും പൂണ്നൂലും കുടുമയും ആയി നിറയെ ആളുകള്‍ വണ്ടിക്ക് കൈകാണിക്കാന്‍ തുടങ്ങി . അവിടെയുള്ള പ്രത്യേക പൂജകള്‍ക്ക് ഓര്‍ഡര്‍ പിടിക്കാന്‍ നില്‍ക്കുകയാണ് ഇവര്‍.

    വേറെ കണ്ട നല്ലൊരു കാഴ്ച മഴയിലും നിറയെ പശുകളെയും ആടുകളെയും കൊണ്ട് മേക്കാന്‍ നടക്കുന്ന ആളുകള്‍ ആയിരുന്നു. അവരുടെ വസ്ത്രങ്ങള്‍ വളരെ രസകരം ആയിരുന്നു.വെളുത്ത കുര്‍ത്ത പാളതാറുപോലെ അടിയില്‍ മുണ്ട് ഉടുതിട്ടുണ്ട്. തലപ്പാവില്‍ മഞ്ഞയും കടുത്ത നീലയും. കൂടാതെ നീട്ടി വളര്‍ത്തിയ മുടി പോലെ ...ചൈനീസ്‌കാരുടെ മുടി ഫില്മില്‍ കാണും പോലെ തലപാവിന് പിന്നിലൂടെ നീണ്ടു കിടക്കുന്നുണ്ട്. എനിക്കവിടെയൊക്കെ ഇറങ്ങി അവരുടെ ഫോട്ടോസും , അവരുടെ ശബ്ദവും ഒക്കെ കേള്‍ക്കണം എന്നുണ്ടായിരുന്നു.പക്ഷെ മഴ കാരണം അതൊന്നും ഏട്ടന്‍ അനുവദിച്ചില്ല.അതു
    മാത്രം അല്ല. ഇപ്പോള്‍ കാണുന്നതല്ല ദ്വാരക അമ്പലം എന്നാണ് ഏട്ടന്‍ പറഞ്ഞത്. പഴയ ദ്വാരക കടലിനു നടുക്കാണ്.അവിടെ പോവണമെങ്കില്‍  അധികം ഇരുട്ടും മഴയും അവുന്നതിനു  മുമ്പ് വേണം എന്നാണ് ഏട്ടന്റെ അഭിപ്രായം.

    വൈകിട്ട 5 മണി ആയിരുന്നു. മഴ ഒന്ന് മാറിനിന്ന നേരം.. നിറയെ  കാറ്റാടികള്‍ കാണാന്‍ തുടങ്ങി. പിന്നെ അലയടിക്കുന്ന കടലിന്റെ ദൂരെ കാഴ്ച ...ഏതോ സ്വപ്ന നഗരിയിലേക്ക് അടുക്കുകയാണെന്ന് എനിക്ക് തോന്നി. മഴ മാറി ...ഇരുണ്ട ആകാശത്തില്‍ നിന്നും സ്വര്‍ണ വര്‍ണ്ണം , വഴിയില്‍ കെട്ടി കിടന്ന മഴവെള്ളത്തെ കണ്ണന്റെ പീതാംഭരം പോലെ കാഴ്ച തന്നു.

    ഹോട്ടലില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുനത് കൊണ്ട് വേഗം പോയി കുളിച്ചു റെഡിആയി . വഴി നീളെ ചെളിയും പശുക്കളും...മഴയുടെ വികൃതികള്‍ വേറെയും.അവിടെ അടുത്തുള്ള അമ്പലം നടന്നു പോകാവുന ദൂരമേ ഉള്ളു എന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.പക്ഷെ നടന്നെത്തുക ശ്രമകരം തന്നെ ആയിരുന്നു.

    അമ്പലത്തിനുള്ളില്‍ കയറിയിട്ടും , നാട്ടിലെ അമ്പലത്തിനുള്ളിലെ ആ ഭക്തിയും വൃത്തിയും ഒന്നും മനസ്സില്‍ വന്നില്ല. അപ്പോഴേയ്ക്കും എല്ലാ അലങ്കാര ദീപങ്ങളും തെളിഞ്ഞു കഴിഞ്ഞിരുന്നു. അവിടെത്തെ കൃഷ്ണന്റെ മുഖം ഞാന്‍ മനസ്സില്‍ കണ്ടതേ ആയിരുന്നില്ല . ഒരു നിരാശ  മനസ്സില്‍ തോന്നാതെ ഇരുന്നില്ല.
    പിന്നെയാണ് ഏട്ടന്‍ പറഞ്ഞത് നമ്മള്‍ നാളെയേ കടലില്‍ മുങ്ങിയ ദ്വാരകപുരി കാണൂ എന്ന്.

    രാത്രിയില്‍ ഞാന്‍ വീണ്ടും ആ ഓടക്കുഴല്‍ വിളികേട്ടു....ദൂരെ നിന്ന് ചിരിക്കുന്നു അവന്‍. .കള്ളക്കണ്ണന്‍!!.

    രാവിലെയും നല്ല മഴയായിരുന്നു. വണ്ടിയിലിരുന്നു നോക്കിയാല്‍ ആകെ കാണാവുന്നത് മഴയുടെ വെള്ള തിരശീലമാത്രം ...കുറെ കൂടി പോയപോള്‍ കടല്‍ കാണാന്‍ തുടങ്ങി ...വണ്ടി പോയി ഒരു പാലത്തിന്റെ അടുത്ത് നിന്നു. അവിടെ നിറയെ ജങ്കാറുകള്‍ കരയെ തൊട്ടുകിടപ്പുണ്ടായിരുന്നു  . അതില്‍ ആളുകളെ കുത്തി നിറച്ചു കയറ്റികൊണ്ടിരുന്നു.
    നല്ല മഴയും വരുന്നുണ്ടായിരുന്നു . ഒരു ബോട്ടില്‍ ഞങള്‍ ഒരുവിധം കയറി പറ്റി. മഴ മൂടിയ ആകാശവും ചുറ്റും കടലും ..പിന്നെ കൊടി പറത്തി പായുന്ന ബോട്ടുകളും മനസ്സിനെ വീണ്ടും മറ്റേതോ ലോകത്ത് എത്തിച്ചു .

    അര മണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയെ ഉണ്ടായിരുന്നുള്ളു ദ്വാരകപുരിയിലെത്താന്‍. അഷ്ടമി രോഹിണിയുടെ തിരക്കും നല്ല പോലെ അനുഭവപെട്ടു . പോകും വഴി  ചിരാതും, തേങ്ങ മുറിയും ,പൂവും എല്ലാം ആയി ഒരു പെണ്‍കുട്ടി മുന്നില്‍ വന്നു. ഗോമതി നദിയില്‍ പിതൃക്കള്‍ക്ക്‌ വേണ്ടിയുള്ള വഴിപാടിനാണ് അതെന്നു ഏട്ടന്‍ പറഞ്ഞു ..ഗോമതി നദി കണ്ണനെ തേടി നടക്കുന്ന ഗോപികയെ പോലെ നൂറു മീറ്റര്‍  ഒഴുകിയാണ് കടലില്‍ പോയി ചേരുന്നത് .
     ഞാനും, ചില്ലുവെച്ച നല്ല മഞ്ഞയും ചുവപ്പും സാരി ഉടുത്ത് അരികില്‍ വന്ന ആ പെണ്‍കുട്ടിയുടെ  കയ്യില്‍ നിന്നും ഒരു പൂജക്ക്‌ വേണ്ട പൂവും, ചിരാതും തേങ്ങയും എല്ലാം വാങ്ങി.
    മഴകാരണമാണോ എന്നറിയില്ല നദിയില്‍ തിരമാലകള്‍ ശക്തമായിരുന്നു .ചിരാതും തേങ്ങയും ഒഴുക്കിവിടാന്‍ പോയ എന്നെ ഒരു തിര വന്നു ആകെ നനച്ചു. ..ഏട്ടന്‍ വന്നു പിടിച്ചില്ലായിരുന്നെങ്കില്‍ ഞാനും ഒഴുകിയേനെ , ആ ചിരാതുകള്‍ പോലെ...!

    അവിടെയും ഞാന്‍ കണ്ട കൃഷ്ണന് എന്റെ സ്വപ്നത്തിലെ , ഇന്നലെ മുഴുവന്‍ എന്റെ കൂടെ ഉണ്ടായ കൃഷ്‌ണന്റെ മുഖം അല്ലായിരുന്നു. അതെന്നെ കുറച്ചധികം സങ്കടപെടുത്താതെയിരുന്നില്ല. അതോടെ എന്റെ ഉന്മേഷവും പോയി ...ഒരു കാഴ്ചയും എന്റെ മനസ്സില്‍ തങ്ങാതെയായി  . തീര്‍ത്തും യാന്ത്രികമായിരുന്നു പിന്നെ ഞാനാ  ക്ഷേത്രത്തില്‍ നിന്നും പുറത്തു വന്നതും നടന്നതുമെല്ലാം .

    തിരിച്ചു ബോട്ട് കയറാന്‍ വന്നപ്പോള്‍ തീരെ തിരക്കില്ലായിരുന്നു. ഞങള്‍ മാത്രം ആയിരുന്നു അവിടെ ഉണ്ടായത്. ബോട്ട് വന്നു അടുത്ത് നിന്നപ്പോഴാണ് ഞാന്‍ മുഖം തിരിച്ചു നോക്കിയത് ...
    "ഇനി തിരിയ്ക്കാം ല്ലേ.."
    ഏട്ടന്റെ ശബ്ദം കേട്ടു. ഞാന്‍ അടുത്ത് കിടന്ന ബോട്ടിന്റെ നീല പടിയിലേയ്ക്ക് കാലെടുത്തു വെച്ചു..ബോട്ടൊന്നു ചെരിഞ്ഞപോള്‍ ഒരു കൈ വന്നു എന്റെവലത്തേ കൈ പിടിച്ചു. ഒരു കൈ എന്റെ അരക്കെട്ടിലും പിടിച്ചു ബോട്ടില്‍ കയറ്റി ...
    പിന്നെ സ്പീഡില്‍ ബോട്ട് നീങ്ങുന്ന സ്വരം ആണ് കേട്ടത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ..ഏട്ടനും , ഏട്ടത്തി അമ്മയും ബാക്കി എല്ലാപേരും ഒരു പൊട്ടു പോലെ ദൂരെ ആയി കഴിഞ്ഞിരുന്നു.

    "അയ്യോ..."എന്ന നിലവിളിയോടെ തിരിഞ്ഞപ്പോള്‍ അറിഞ്ഞു.,എന്റെ അരകെട്ടിലെ ആ കൈകള്‍ എന്നെ മുറുക്കി പിടിച്ചു മാറോട് ചേര്‍ത്തിരിയ്ക്കയാണെന്നു .
    ഞാന്‍ തിരിഞ്ഞു ആ മുഖത്തേക്ക് നോക്കി .
    ചെന്താമര മിഴിയിതളുകള്‍ എന്റെ നേര്‍ക്കുനോക്കി ചിരിക്കുന്നു. ഇന്നലെ കനവില്‍ നീലകടമ്പിന്‍ ചുവട്ടില്‍ മുരളിയും ഊതി വന്നവന്‍ ....എന്റെ കണ്ണന്‍! .

    പെട്ടെന്ന് നദിയും നഭസും ചേരുന്നിടത്ത് ഒരു ചെന്താമരയിലായി  ഞാനും അവനും...
    പൂത്തു നില്‍ക്കുന്ന നീലതാമാരകള്‍ ആയിരം കണ്ണുകളുയര്‍ത്തി എന്നെ നോക്കുകയാണെന്ന ചിന്ത ,കണ്ണന്റെ കരവലയത്തിലിരുന്നയെന്നെ നാണിപ്പിച്ചു.  അവന്റെ വനമാലയിലെ സുഗന്ധത്തില്‍ മയങ്ങി നിന്ന എന്നെ മുഖം പിടിച്ചുയര്‍ത്തി, കണ്ണന്‍ പതുക്കെ ചെവിയില്‍ ചോദിച്ചു..

    "ഇപ്പോള്‍ സമാധാനമായോ  ?"ഞാന്‍ വന്നുലോ ...നിന്റെ സ്വപ്നജാലകം തുറന്നു നിന്റെ നരനായി...
    ഒന്നും പറയാന്‍ ആവാതെ ഞാന്‍ തലകുലുക്കി .

    അവന്റെ ഉയര്‍ത്തിവെച്ച വലതു കാലില്‍ തലയും വെച്ചു കിടന്നപ്പോള്‍ ..ഞാന്‍ സൂര്യ ചന്ദ്രമാര്‍ പ്രണമിച്ചു പോവുന്നത് കണ്ടു..
    ഇതേതു കാലമാണെന്നു അറിയാത്തവിധം ..ആകാശം മുഴുവന്‍ വര്‍ണ്ണങ്ങള്‍  കൊട്ടി കിടപ്പായിരുന്നു
    . മുപ്പത്തി മുക്കോടി ദേവകളും പുഷ്പവൃഷ്ടി നടത്തി കൊണ്ടേയിരുന്നു . കടലൊരു വസന്ത പ്രപഞ്ചമായ് മാറി .
    എന്റെ കണ്ണില്‍ നിറയുന്ന ആ മുഖം ...വിടര്‍ന്ന മിഴികളും ,പീലി തിരുമുടിയും ..മകരകുണ്ഡലങ്ങളും..ചെഞ്ചുണ്ടു ഉമ്മവെയ്ക്കുന്ന പോന്നോടകുഴലും ..വനമാല കൌസ്തുഭങ്ങളും.മിന്നുന്ന പൊന്നരഞ്ഞാണങ്ങളും.. കണ്ടു കിടക്കേ...അവന്റെ പോന്നോട കുഴലില്‍ നിന്നും പ്രണയത്തിന്റെ അനശ്വരമായ ആ നാദം ഞാന്‍ കേട്ടു. ജന്മങ്ങളായ് സന്ധ്യയും പുലരിയും കാത്തു കാത്തു വെച്ച കുങ്കുമകാടുകള്‍ മുഴുവന്‍ ആകാശത്ത് പൂത്തു...ഓരോ പ്രപഞ്ച തന്ത്രികളിലും അമൃതവര്ഷിണി രാഗം പെയ്തിറങ്ങി..പാല്‍കടലോ ..നിലാകടലോ ..ഇതുവരെ തൊട്ടറിയാത്ത പ്രണയ കടലില്‍ എന്റെ മനസ്സാകും ആലില ഒഴുകാന്‍ തുടങ്ങി.ഒരു നനുത്ത മേഘം പോലെ, ഒരു ആലില പോലെ ..അനാദിയായ ആ ഒഴുക്കിലേക്ക് ..ജീവനും കാമനകളും ഒന്നാവുന്ന തേജോപ്രപഞ്ചത്തിലേക്ക് ഞാനും യാത്രയായി.കണ്ട സ്വപ്നങ്ങളുടെയെല്ലാം സാക്ഷാത്കാരം പോലെ.