1/15/2013

നീ വരിക വീണ്ടും







നഗരഹൃദയത്തിലേക്ക് കൊതിയോടെ
തുറക്കുന്ന ജനവാതില്‍  
ചരിക്കാന്‍ വെമ്പി ദീര്‍ഘനിശ്വാസമിട്ടു .  
നേര്‍ത്ത നീലവിരിപ്പില്‍ ഞാനവയെ
പകുത്തു കെട്ടിയിട്ടു.
പറന്നു പോകല്ലേ നീ ...
നിന്നെ രക്ഷിക്കാന്‍ -
എനിക്കുമാവില്ലല്ലോ  കണ്ണേ !

ഒരു പാതി കണ്ണുകള്‍ കണ്ടു ;
ദ്രുതവേഗം ചലിക്കും ചരാചരഭംഗികള്‍ .
മറുകണ്ണില്‍ കണ്ടു ;
കെട്ടുപോയ നക്ഷത്രങ്ങളെ -
ഇന്നലെയിരുട്ടില്‍ പോരാടി 
ഒന്നിനുമല്ലാതെ ശ്വാസം നിലച്ച്ചവര്‍ !

നീലച്ച ചുണ്ടു മാത്രമുള്ളൊരു  ലോകമേ   .
നിന്റെ  ചുവന്നപുഞ്ചിരിയെങ്ങു   മറന്നു നീ ?
അട്ടഹസിക്കുന്നു അവര്‍  ..
പെണ്ണിന്റെ ഉടുതുണിയൂരാന്‍ ...
ആണിന്റെ കരുത്തിനെ മറവില്‍ ഒതുക്കാന്‍ ..
കൈവിറക്കാത്ത ഒരു ലോകം . 
ഹേ ..നിങ്ങളുടെ ഹൃദയമെങ്ങു  മറന്നുവെച്ചു ?

കൃഷ്ണാ...വിളിച്ചു കേണിട്ടും..
നീയെന്തേ  പുടവ നീട്ടിയില്ല?
അര്‍ജുനന്‍മാര്‍ ആയുധംവെച്ചു കീഴടങ്ങുമ്പോളും 
നീയെന്തേ  ഗീതയോതിയില്ല ?
അരക്കില്ലങ്ങളില്‍ അഗ്നിയാളുമ്പോഴും 
നിന്റെ നീല മിഴിയിലെ 
കരുണാസമുദ്രമെന്തേ തുളുമ്പാതെ  നില്‍പൂ ?

 ഇരുളിലേതോ ഓടക്കുഴലില്‍ ...
വേദനകള്‍ ഇറ്റും മുറിവുകളില്‍ ,
നീ വെണ്ണപുരട്ടി തഴുകുമെന്നാ-
ശ്വസിപ്പതും  വെറുതെയോ ?

നിന്റെ മയില്‍പീലിത്തന്നസ്വപനങ്ങളെ 
എന്റെ ഉറക്കത്തില്‍  നിന്നു നീ തിരിച്ചെടുക്കയോ ?
പകരമെനിക്കെന്തിനീ  കാളിയസര്‍പ്പകുഞ്ഞുങ്ങള്‍ ?
വന്നുച്ചവിട്ടിത്താഴ്ത്തുക നീയീ മദത്തെ
സമയകാളിന്ദിയില്‍  .
കല്‍ക്കിയായോ ...രാമനോ ..പരശുവോ .
ബലഭദ്രനോ ..വാമനനോ ...നരസിംഹമോ ..
മീനോ ...കൂർമ്മമോ  ..വരാഹമായോ ..
കൃഷ്ണാ നീ വരൂ ...
മദജലത്തില്‍ , ..മാലിന്യത്തില്‍ ..
ഹൃദയരാഹിത്യത്തിന്റെ  കൊടുവരള്‍ച്ചയില്‍ 
അത്യാഗ്രഹത്തിന്റെ കാട്ടുതീയില്‍ 
അറുത്ത തലകള്‍ അതിര്‍ത്തിയില്‍ 
വിലപേശി വില്‍ക്കപ്പെടവേ ..
നിന്റെ പാഞ്ചജന്യം കേള്‍ക്കാന്‍ 
എന്റെ ചെവികള്‍ കൊതിക്കുന്നു .
കുരുക്ഷേത്രഭൂമിയിന്നും രുധിരനൃത്തമാടി 
മാനവവംശം അറ്റുതീരുംമുമ്പേ ..
എനിക്ക് കാണണം മൂര്‍ച്ചിച്ചു വീണ 
ഭാരതമാതാവിന്റെ കണ്ണില്‍ 
വീണ്ടും ആനന്ദാശ്രുക്കള്‍ .